സംസ്ഥാനത്തിന്റെ പൊതുകടം യാന്ത്രികമായി നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ പൊതുജനങ്ങള്‍ക്ക് വിവിധ മേഖലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. മരുന്ന്, ജോലിയില്ലാത്തവര്‍ക്കുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം പോലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിക്ക് മുകളിലാണ്. മൂന്നര ലക്ഷത്തിലേക്ക് എത്തുന്നു എന്നത് സത്യമാണ്. അത് പക്ഷേ ഓരോ വര്‍ഷത്തേയും കടമെടുപ്പന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കണക്കുകള്‍ നോക്കിയാല്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും കടം ഇരട്ടിയാകുന്നുണ്ട്. അത് കേരളത്തില്‍ മാത്രമല്ല, മൊത്തത്തിലുള്ള ഒരു പ്രക്രിയയാണ്. അതിന് പല കാരണങ്ങളുണ്ട്. അത് പക്ഷേ, അപകടകരമായ സ്ഥിതിയിലേക്ക് വന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.