കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ കാരണങ്ങളായി പറഞ്ഞ് രണ്ട് കാര്യങ്ങളാണ്. ഭൂപ്രകൃതിയുടെ പ്രത്യേകതയും, മോശം കാലാവസ്ഥയും. പൈലറ്റുമാര്‍ക്ക് തലവേദനയായ ടേബിള്‍ ടോപ്പ് റണ്‍വേകളുള്ള വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂര്‍. കണ്ണൂര്‍ വിമാനത്താവളം ടേബിള്‍ ടോപ്പിന് സമാനമെങ്കിലും നീളമേറിയ റണ്‍വേ ലാന്റിങ് അനായാസകരമാക്കും. നീളം കുറഞ്ഞ റണ്‍വേയും (2700 മീറ്റര്‍) മേഘാവൃതമായ അന്തരീക്ഷവും കാരണം പൈലറ്റുമാര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍
മലയുടെ മുകള്‍ ഭാഗം ചെത്തിയെടുത്ത് അവിടം ലാന്‍ഡിങിനായി ഒരുക്കുന്നതാണ് ടേബിള്‍ ടോപ്പ് റണ്‍വേ. എയര്‍ക്രാഫ്റ്റ് ലാന്‍ഡിങ്ങിന് ഏറെ വെല്ലുവിളി നിറഞ്ഞ സ്ഥലം. പൈലറ്റിന്റെ ശ്രദ്ധയല്‍പം മാറിയാല്‍ പതിയിരിക്കുന്നത് വന്‍ അപകടം. അത്രമേല്‍ വൈദഗ്ധ്യത്തോടെ മാത്രമേ വിമാനമിറക്കല്‍ സാധ്യമാകൂ. മഴയുള്ള സമയമാണെങ്കില്‍ പൈലറ്റിന് മായക്കാഴ്ചകളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.