വർഷം 1984, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയൻ അധിനിവേശകാലം. രാജ്യാതിർത്തികൾ ഭേദിച്ച് അഫ്ഗാൻ ജനതയുടെ കൂട്ടപ്പലായനം തുടർന്നു. അഭയാർഥികളുടെ ചിത്രം പകർത്താനായി പാകിസ്ഥാനിലെ നാസിർ ബാഗ് ക്യാമ്പിലെത്തിയതാണ് അമേരിക്കൻ ഫോട്ടോഗ്രാഫർ സ്റ്റീവ് മെക്കറി. ആയിരങ്ങൾ തിങ്ങിപ്പാർത്ത ആ ക്യാമ്പുമുറിയിൽ നിന്ന് ഒരു നോട്ടം മക്കറിയുടെ നെഞ്ചിലേക്കു തുളച്ചു കയറി. 

തിളങ്ങുന്ന പച്ചക്കണ്ണുകളുടെ രൂക്ഷമായ ആ നോട്ടം പിന്നീട് ലോകമനസാക്ഷിയിലേക്ക് പടർന്നു. ശർബത് ഗുല, അതായിരുന്നു ആ പെൺകുട്ടിയുടെ പേര്. അഫ്ഗാൻ അഭയാർഥിയായ ആ പന്ത്രണ്ടുവയസ്സുകാരി പിന്നീട് നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖച്ചിത്രമായി. ആ ഒരൊറ്റ ചിത്രംകൊണ്ട് അഫ്ഗാൻ അഭയാർഥികളുടെ പ്രശ്‌നങ്ങളിലേക്ക് ഗുല ലോകശ്രദ്ധയെ കൊണ്ടുവന്നു.