യൂറോപ്പ് കണ്ട മികച്ച ഭരണാധികാരികളിലൊരാള്‍. നീണ്ട 16 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ജര്‍മനിയുടെ ആദ്യ വനിതാ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പടിയിറങ്ങുന്നത്. 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം, തുടര്‍ന്നുണ്ടായ യൂറോ സോണ്‍ കടബാധ്യത, ഉക്രൈന്‍ - റഷ്യ സംഘട്ടനം, എന്തിനധികം ലോകമൊന്നാകെ കൈപ്പിടിയിലൊതുക്കിയ കോവിഡ് മഹാമാരി തുടങ്ങി തന്റെ ഭരണകാലയളവില്‍ മെര്‍ക്കല്‍ അഭിമുഖീകരിച്ച വെല്ലുവിളികള്‍ നിരവധിയാണ്.

പക്ഷേ, തികഞ്ഞ പ്രായോഗിക ബുദ്ധിയോടെയുള്ള സമീപനവും സ്ഥിരതയുള്ള തീരുമാനങ്ങളും തുറന്ന കാഴ്ചപ്പാടും കൈമുതലായുണ്ടായിരുന്ന മെര്‍ക്കല്‍ ജര്‍മനിക്ക് കരുത്തു പകര്‍ന്നു, തകര്‍ന്നടിയാതെ മുന്നില്‍ നിന്നു നയിച്ചു. 10 വര്‍ഷം തുടര്‍ച്ചയായി ഫോബ്‌സ് മാസികയുടെ ലോകത്തെ പ്രബലയായ സ്ത്രീകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അടക്കി വാണത് ഈ 67-കാരിയാണ്.

ചാന്‍സലര്‍ ഓഫ് ദി ഫ്രീ വേള്‍ഡ് എന്നാണ് ടൈം മാഗസിന്‍ ഇവര്‍ക്കു നല്‍കിയ വിശേഷണം. സാമര്‍ത്ഥ്യമുള്ള നേതാവായി, മികച്ച ഭരണാധികാരിയായി എതിരാളികളാരുമില്ലാതെ ഇനിയും ആ കസേരയില്‍ തുടരാന്‍ കഴിയുമായിരുന്നിട്ടും എന്തിനു മെര്‍ക്കല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു? ചോദ്യം ബാക്കിയാണ്. 

Content Highlights: Merkel era comes to an end in Germany