മൂന്ന് വർഷം മുമ്പ് മലേഷ്യയിൽ ഒരു സ്ത്രീ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. മരിച്ചത് ആരെന്ന് ആദ്യ ദിവസങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ വാർ ത്ത അറിഞ്ഞ് തമിഴ്നാട്ടിൽ നിന്ന് ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ മലേഷ്യയിലേക്ക് പോകാൻ തീരുമാനിച്ചു. പോലീസ് സംഘം യാത്ര തിരിക്കും മുമ്പേ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരത്തുകാരിയാണ് മരിച്ചത്.

മരിച്ച ആ സ്ത്രീക്ക് ഒരു കുപ്രസിദ്ധ കൊലയാളിയുമായി സാമ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് തമിഴ്നാട് പോലീസ് മലേഷ്യയ്ക്ക് പോകാനൊരുങ്ങിയത്. മരണപ്പെട്ട സ്ത്രീക്ക് മുഖസാമ്യം ഉണ്ടായിരുന്നത് മറ്റാരുമായിട്ടായിരുന്നില്ല, ഡോ. ഓമന. കേരളത്തേയും തമിഴ്നാടിനെയും ഞെട്ടിച്ച സ്യൂട്ട് കൊലപാതക്കേസിലെ പ്രതി. വൈദ്യശാസ്ത്രത്തിന്റെ വൈദഗ്ധ്യം മുഴുവൻ ഒരു മനുഷ്യന്റെ പ്രാണനെടുക്കാൻ ഉപയോഗിച്ച കോൾഡ് ബ്ലഡഡ് ക്രിമിനൽ.

ഇരുപത് വർഷമായി ഡോ. ഓമന തമിഴ്നാട് പോലീസിന്റെയും ഇന്റർപോളിന്റെയും കണ്ണുവെട്ടിച്ച് കാണാമറയത്ത് കഴിയുകയാണ്. മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിച്ച ആ കൊലപാതകം നടന്നിട്ട് ഇന്ന് ഇരുപത്തിയഞ്ച് വർഷം പിന്നിടുന്നു. 1996 ജൂലയ് 11-നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂർ സ്വദേശി മുരളീധരനെ ഡോ. ഓമന അരുംകൊല ചെയ്തത്.