ചൈനയില്‍ വിവാഹങ്ങള്‍ കുറഞ്ഞുവരുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ജനനനിരക്ക് കുറയുന്നതിനു പിന്നാലെയാണ് ഈ വാര്‍ത്ത.  വിവാഹിതരാകുന്നവരുടെ എണ്ണം കുറയുകയാണെന്ന് ചൈന സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്ക് 2021-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായി ഏഴുവര്‍ഷമായി ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം കുറഞ്ഞു. 17 കൊല്ലത്തിനിടയിലെ ഏറ്റവും കുറവ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞകൊല്ലം. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളില്‍ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ആളുകളാണ് വിവാഹിതരായത്. 2020ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് അല്പം കുറവാണിത്. ജനനനിരക്കും ചൈനയില്‍ കുറഞ്ഞുവരികയാണ്. കഴിഞ്ഞകൊല്ലം 0.852 ശതമാനമായിരുന്നു രാജ്യത്തെ ജനനനിരക്ക്. 1978-നുശേഷം ആദ്യമായാണ് ജനനനിരക്ക് ഒരു ശതമാനത്തില്‍ താഴെയെത്തുന്നത്. 

ജോലിയിലെ സമ്മര്‍ദ്ദവും ജീവിതച്ചെലവ് കൂടുന്നതും കൂടുതല്‍ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുന്നതുമാണ് വിവാഹങ്ങള്‍ കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് യുവാക്കളുടെ എണ്ണം കുറയുന്നതും വിവാഹങ്ങള്‍ കുറയുന്നതിനുള്ള ഒരു കാരണമായി ചൈനീസ് ജനസംഖ്യാ വിദഗ്ധന്‍ ഹെ യാഫു പറയുന്നു. ചൈനയില്‍ സ്ത്രീ-പുരുഷ അനുപാതവും താളംതെറ്റിയിരിക്കുകയാണ്. പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.