ഒടുവില്‍ അനീതി കൊടികുത്തിവാഴുന്ന കെട്ട കാലത്ത് നീതിപീഠം ഒരിക്കല്‍ കൂടി അതിന്റെ കരുത്ത് തെളിയിച്ചിരിക്കുന്നു. സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നു. ഫാ.കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും. 

കോടികള്‍ വാഗ്ദാനം ചെയ്തിട്ടും, രണ്ടുമാസത്തോളം നിരന്തരം മര്‍ദിച്ചിട്ടും തളരാതെ പിടിച്ചു നിന്ന അടയ്ക്കാ രാജുവെന്ന മോഷ്ടാവിന്റെ മൊഴിയാണ് അഭയക്ക് നീതി ലഭിക്കാന്‍ കാരണമായത്. ഒപ്പം നീതിക്ക് വേണ്ടി പാറപോലെ ഉറച്ചു നിന്ന ജോമോന്‍ പുത്തന്‍ പുരക്കലും നീതിക്കു വേണ്ടി നിരന്തരം മുറവിളി കൂട്ടിയ ഒരു പറ്റം നല്ല മനുഷ്യരും. 

പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് രാജ്യം കണ്ട വലിയ അഭിഭാഷകരായ ഹരീഷ് സാല്‍വെയും മുകുള്‍ റോഹത്തഗിയുമൊക്കെയായിരുന്നു. മണിക്കൂറിന് ലക്ഷങ്ങള്‍ കൂലിവാങ്ങിക്കുന്നവര്‍..

ആദ്യം ലോക്കല്‍ പോലീസ്, പിന്നെ ക്രൈം ബ്രാഞ്ച്, പല തവണ സിബിഐ...അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിയത് പലതവണ. സത്യസന്ധരായ കേസന്വേഷിച്ചവര്‍ക്ക് ഭീഷണിയും പകപോക്കലും മാത്രം ബാക്കി. തീര്‍ന്നില്ല,  കൂറുമാറ്റം, തെളിവ് നശിപ്പിക്കല്‍, കള്ളപ്രചാരണങ്ങള്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ ആത്മഹത്യ.. എത്രവൈകിയാലും സത്യം ജയിക്കുമെന്നോര്‍ക്കാന്‍ അഭയയുടെ പേരും പോരാട്ടവും ചരിത്രം രേഖപ്പെടുത്തും