ഇക്കാലമത്രയും നടത്തിയ അധിനിവേശത്തെപ്പോലെ എളുപ്പമായിരിക്കില്ല ഇനി അതിരപ്പിള്ളിയില്‍. കാരണം കാലം നാളേക്കായി ഊതി കാച്ചി വെച്ച ഗീതയെന്ന ഊരുമൂപ്പത്തിയുടെ കാവലുണ്ട്.  വിവാഹം പോലും വേണ്ടെന്നു വെച്ച് കാടര്‍ എന്ന ആദിവാസി ജനതയ്ക്ക് വേണ്ടി പോരാടുകയാണ് ഗീത. രണ്ടക്ഷരത്തിന് അപ്പുറത്തെ മാഞ്ഞു പോകാത്ത രേഖപ്പെടുത്തലാണ് അവര്‍.

ഗോത്രചരിത്രത്തിന്റെ പുതിയൊരു അധ്യായമാണ് ഗീതയിലൂടെ തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ ഊരു മൂപ്പത്തിയാണ് അവര്‍. സമര മുഖങ്ങളിലൂടെ ആദിവാസി ജനതയുടെ ശബ്ദം അധികാര ഇടനാഴികളില്‍ പ്രതിഫലിപ്പിക്കാനും ഗീതയ്ക്ക് ഇന്ന് സാധിക്കുന്നുണ്ട്. ഇത് കാടിനെയും അരികുവത്കരിക്കപ്പെട്ട മനുഷ്യരെയും ജീവിതത്തോടൊപ്പം തുന്നിച്ചേര്‍ത്ത ഊരുമൂപ്പത്തി ഗീതയുടെ അതിജീവനത്തിന്റെ കഥയാണ്.