കുട്ടനാടിനെ രക്ഷിക്കാൻ മാറിവരുന്ന സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അത്തരം പ്രഖ്യാപനങ്ങളൊന്നും നാടിന്റെ ഉള്ളറകളിലേക്ക് എത്തിച്ചേർന്നിട്ടില്ല എന്നതാണ് ആ നാട്ടുകാരുടെ അനുഭവം. വർഷം പകുതിയിലേറെയും ചെളിയിലും വെള്ളത്തിലും കഴിയുകയാണ് അവർ. വെള്ളപ്പൊക്കം ആഘോഷമാക്കിയ ശീലമുള്ള കുട്ടനാട്ടുകാരെ മഹാപ്രളയം കുറച്ചു കാലത്തേക്കെങ്കിലും അഭയാർഥികളാക്കി മാറ്റി. ഇന്ന് ചെറിയ ഒരു മഴപോലും കുട്ടനാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു.

ഈ സാഹചര്യത്തിലാണ് സേവ് കുട്ടനാട് പോലുള്ള കാമ്പയിനുകൾ ശ്രദ്ധനേടുന്നത്. ലോകത്തിന്റെ പല ഭാ​ഗത്തു നിന്നും കുട്ടനാടിനെ രക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള അപേക്ഷയായിരുന്നു അത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം മാറിമാറി വരുന്ന സർക്കാരുകൾ കുട്ടനാടിനെ എത്രത്തോളം പരി​ഗണിച്ചിട്ടുണ്ടെന്ന് അന്നാട്ടുകാർ ചോദിക്കുന്നു. സേവ് കുട്ടനാട് കാമ്പയിനിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോം കുട്ടനാട്ടിലൂടെ നടത്തിയ യാത്ര...