നീന്തല്‍ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പുഴയില്‍ മുങ്ങി

കൊടുങ്ങല്ലൂര്‍: ആറു മാസമായി മുടങ്ങിക്കിടക്കുന്ന ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ നീന്തിക്കടക്കാന്‍ ശ്രമിച്ച ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഴയില്‍ താഴ്ന്നു. തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചു. രണ്ടുപേരുടെ ബോധം നശിച്ച നിലയിലായിരുന്നു. 

അറ്റകുറ്റപ്പണിക്കും ഇന്‍ഷുറന്‍സ് പുതുക്കുന്നതിനുമായി  മാര്‍ച്ച് 30 മുതല്‍ നിര്‍ത്തിവെച്ച അഴീക്കോട്-മുനമ്പം ഫെറിയിലെ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആരംഭിച്ചിട്ടുള്ള സമരങ്ങളുടെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് പുഴനീന്തിക്കടക്കല്‍ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് സര്‍വീസ്. രാവിലെ അഴീക്കോട് മേനോന്‍ബസാറില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഉദ്ഘാടനത്തിനുശേഷം പുഴയിലേക്കിറങ്ങുകയായിരുന്നു. ഒമ്പതു പ്രവര്‍ത്തകരാണ് പുഴയിലിറങ്ങിയത്.         

നാനൂറോളം മീറ്റര്‍ വരുന്ന പുഴയുടെ പകുതി നീന്തിയപ്പോഴേക്കും മുന്നില്‍ നീന്തിയിരുന്ന അഴീക്കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനാഫ് മുങ്ങിത്താഴ്ന്നു. തൊട്ടുപിന്നാലെ ടി.കെ. നസീര്‍, എന്‍.എസ്. സലീം എന്നിവരും മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട് കുറച്ചകലെയായി ബോട്ടില്‍ സഞ്ചരിച്ചിരുന്ന തീരദേശ പോലീസ് പാഞ്ഞെത്തി മൂവരെയും രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റി. മീന്‍പിടിത്തബോട്ടിലെത്തിയ മത്സ്യത്തൊഴിലാളികളും മറ്റും ചേര്‍ന്ന് നീന്താനാവാതെ കുഴഞ്ഞുതുടങ്ങിയ മറ്റു നാലുപേരെയും ബോട്ടില്‍ കയറ്റി കരയിലെത്തിച്ചു. ഇവരെ താലൂക്കാസ്പത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകള്‍ അഴീക്കോട് ജെട്ടിയില്‍ തടിച്ചുകൂടി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented