നിയമസഭാ തെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇത്തവണ വനിത പ്രാതിനിധ്യമുണ്ടായേക്കും. കാല്‍നൂറ്റാണ്ടിന് ശേഷമാണ് വനിത സ്ഥാനാര്‍ഥിയുടെ സാധ്യത മുസ്ലീംലീഗ് പരിശോധിക്കുന്നത്.

മത-സാമുദായിക സംഘടനകളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ 51% വനിതാ സംവരണം യാഥാര്‍ത്ഥ്യമായി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ പഴയ വിയോജിപ്പുകള്‍ കുറഞ്ഞിട്ടുണ്ട്. 

മുസ്ലീംലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1996-ലാണ് മുസ്ലീം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ല്‍ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സിപിഎമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകള്‍ക്ക് തോറ്റു. 

യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ചര്‍ച്ചയാവുന്ന ഈ തിരഞ്ഞെടുപ്പില്‍ കാലത്തിന്റെ മാറ്റം മനസിലാക്കി തീരുമാനം എടുക്കുമെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.