പത്തനംതിട്ട തിരുവല്ലയിൽ കുടുംബാംഗങ്ങൾ തമ്മിലുളള വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ്.ഐക്ക് തളള്, കൗൺസിലർക്ക് കല്ലേറ്. കൗൺസിലർ ജേക്കബ് ജോർജ് മലയ്ക്കൽ, തിരുവല്ല എസ്.ഐ രാജൻ എന്നിവർക്ക് നേരെയാണ് അമ്മാൾ എന്ന യുവതി അക്രമം അഴിച്ചുവിട്ടത്. 

കാക്കി കണ്ടതും യുവതി കോപിഷ്ഠയായി. ആദ്യം ചീത്ത പറയാൻ തുടങ്ങി. കൗൺസിലർ ചിത്രങ്ങൾ പകർത്താൻ തുടങ്ങിയതോടെ അവർ അക്രമാസക്തയായി. 

മൊബൈൽ കൈക്കലാക്കി കടക്കാൻ ശ്രമിച്ച യുവതിയെ കൗൺസിലർ ചെറുത്തു. പിന്നെ എസ്.ഐക്ക് നേരെ തിരിഞ്ഞു. സ്ഥലത്ത് നിന്ന് പോകാൻ തുടങ്ങിയ കൗൺസിലർക്ക് നേരെ വീണ്ടും തിരിഞ്ഞു യുവതി. പിടിവലിക്കിടെ തള്ളിയിട്ട കൗൺസിലർക്ക് നേരെ പിന്നീടുണ്ടായത് കല്ലേറാണ്. എസ്.ഐക്കും കൗൺസിലർക്കും പരിക്ക് പറ്റിയിട്ടില്ല. യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. 

സമീപവാസികൾ പകർത്തിയ അക്രമ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.