കോഴിക്കോട് അശോകപുരത്ത് റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചും അസഭ്യം പറഞ്ഞും ഭര്‍ത്താവ്. കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലിയ്ക്കാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷില്‍ നിന്നും മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. നിധീഷിനെതിരെ നടക്കാവ് പോലീസ് കേസെടുത്തു.

നിധീഷിന്റെ നിരന്തരമായ ഉപദ്രവത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്വന്തം വീട്ടിലാണ് ശ്യാമിലിയും മക്കളും താമസം. ഭര്‍ത്താവിന്റെ പീഡനത്തെപ്പറ്റി നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ശ്യാമിലി പറയുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ ശ്രമിച്ചത്.

അങ്ങനെയാണ് ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരുമായി ചേര്‍ന്ന് രണ്ടുമാസം മുമ്പ് അശോകപുരത്ത് മീന്‍കച്ചവടം തുടങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടോടെ ഇവിടെയെത്തിയാണ് നിധീഷ് ശ്യാമിലിയെ മര്‍ദ്ദിച്ചത്. മീന്‍സ്റ്റാള്‍ മുഴുവന്‍ ചവിട്ടി തകര്‍ക്കുകയും ശ്യാമിലിയുടെ സ്‌കൂട്ടര്‍ മറിച്ചിടുകയും ചെയ്തതിന് പുറമേയാണ് മര്‍ദ്ദനവും അസഭ്യവര്‍ഷവും ഉണ്ടായത്.