മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രിയോട് വികാരധീനനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രാണവായു കിട്ടാതെ ശ്വാസം മുട്ടുന്ന‌ തലസ്ഥാനത്തിന്റെ ദൈന്യത വെളിവാക്കുന്നതായി കെജ്രിവാളിന്റെ വാക്കുകൾ.  കൈകള്‍ കൂപ്പിക്കൊണ്ട് ഞങ്ങള്‍ക്ക് പ്രാണവായു തരൂ എന്ന് പ്രധാനമന്ത്രിക്കു മുന്നില്‍ നിന്ന് പറയുന്ന കെജ്‌രിവാളിന്റെ വീഡിയോ രാജ്യമാകെ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടത്. നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ ഓണ്‍ ലൈന്‍ കൂടിക്കാഴ്ചയിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. 

ഞങ്ങൾക്ക് ഓക്സിജൻ തരൂ എന്നും ഇല്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്നുമാണ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞത്.  പ്രാണവായു കിട്ടാതെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഒരു രോഗി മരിക്കാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിര്‍ദേശിക്കണമെന്നും കെജ്‌രിവാൾ കൂപ്പുകൈകളോടെ പ്രധാനമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. രാത്രി ഉറങ്ങാനാവുന്നില്ല. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ദയവായി ക്ഷമിക്കുക,'' അരവിന്ദ് കെജ്‌രിവാൾ കൈകൂപ്പി.