പെട്രോളിൽ മുക്കിയ ടയറിൽ തീകൊളുത്തിയെറിഞ്ഞ് പൊള്ളലേൽപ്പിച്ച ആന ഒന്നരമാസത്തെ ദുരിതത്തിനൊടുവിൽ ചരിഞ്ഞു. മുതുമല കടുവാ സങ്കേതത്തിലെ മസിനഗുഡിയിലാണ് സംഭവം. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ തീകൊളുത്തിയെറിഞ്ഞ ടയർ ചെവിയിൽ കുരുങ്ങിയാണ് പൊള്ളലേറ്റത്. 42 വയസ്സുള്ള കൊമ്പൻ തെപ്പക്കാട് ആന വളർത്തൽ കേന്ദ്രത്തിലാണ് ചരിഞ്ഞത്.
ആനയ്ക്കുനേരെ ടയറിൽ തീകൊളുത്തി എറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് മുതുമല കടുവാസങ്കേതം അധികൃതർ നടത്തിയ പരിശോധനയിൽ മാവനെല്ല പ്രദേശത്തെ രണ്ടുപേരെ അറസ്റ്റു ചെയ്തു. മസിനഗുഡി സ്വദേശി പ്രസാദ്, മാവനെല്ല സ്വദേശി റെയ്‌മെൻഡ് ഡീൻ എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ മാവനെല്ല റിക്കി റയാനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ചെവിയിൽ ടയർ കുരുങ്ങിയ ആന ഛിന്നംവിളിച്ചുകൊണ്ട് കാട്ടിലേക്ക് പിന്തിരിഞ്ഞോടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ശരീരത്തിൽ മുറിവും വ്രണവുമായി അവശ നിലയിൽ മസിനഗുഡി ബൊക്കാപുരം വനമേഖലയിൽ ചുറ്റിത്തിരിഞ്ഞു നടക്കുകയായിരുന്നു കൊമ്പൻ. ചെവിയിൽ നിന്ന് രക്തം വാർന്നൊഴുകുന്ന നിലയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് കൊമ്പനെ ചികിത്സയ്ക്ക് തെപ്പക്കാട് കൊണ്ടുവന്നത്. ഇടതു ചെവി മുറിഞ്ഞാണ് രക്തമൊലിച്ചിരുന്നത്. മുതുകിലും മുറിവുണ്ടായിരുന്നു. വേദനകൊണ്ട് റോഡിൽ നിൽക്കുകയായിരുന്ന ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനസങ്കേതത്തിലെത്തിച്ചത്. അവിടെവെച്ചാണ് ചരിഞ്ഞത്. പോസ്റ്റുമോർട്ടം പരിശോധനയിലാണ് ആനയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവന്നത്.