ഊട്ടി കോത്തഗിരി മേട്ടുപ്പാളയം റോഡില്‍ ഒറ്റയാന്‍ സര്‍ക്കാര്‍ ബസ്സിനെ ആക്രമിച്ച് മുന്‍വശത്തെ കണ്ണാടി തകര്‍ത്തു. കോത്തഗിരിയില്‍ നിന്നും മേട്ടുപ്പാളയത്തേക്ക് പുറപ്പെട്ട ബസ് മേല്‍ത്തട്ട പള്ളം ഭാഗത്ത് വന്നപ്പോഴാണ് ഒറ്റയാന്റെ മുന്നില്‍ പെട്ടത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

തേയില എസ്റ്റേറ്റും വനത്തിന്റെ ഭാഗവും ചേരുന്ന സ്ഥലത്താണ് നടന്നുവരികയായിരുന്ന കൊമ്പന്റെ  മുന്നിലേക്ക്  വളവു തിരിഞ്ഞെത്തിയ ബസ് ചെന്നുപെട്ടത്. ആന മുന്നോട്ടു തന്നെ നടന്നു വരുന്നത് കണ്ടു ഡ്രൈവര്‍ സമയോചിതമായി പിന്നോട്ട് വണ്ടിയോടിച്ചെങ്കിലും വണ്ടിയുടെ മുരള്‍ച്ചയും വിസില്‍  ശബ്ദവും ആനയെ അസ്വസ്ഥനാക്കി. ഓടിയടുത്ത ഒറ്റയാന്‍ കൊമ്പുകൊണ്ട് ബസിന്റെ കണ്ണാടി കുത്തിത്തകര്‍ക്കുകയായിരുന്നു. 

ഇതോടെ ബസ് പിറകോട്ട് എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് എന്‍ജിനും ഓഫ് ചെയ്ത് ഡ്രൈവര്‍ സീറ്റില്‍ നിന്നിറങ്ങി പിന്നിലേക്ക് മാറി നിന്നു. ബസിന്റെ ശബ്ദം നിന്നതോടെ ശാന്തനായ ആന കുറച്ചുനേരം കൂടി അവിടെ നിന്ന ശേഷം ബസിനെ കടന്ന് പോയി. യാത്രക്കാരും വലിയ ബഹളങ്ങളൊന്നും കൂട്ടാതെ സഹകരിച്ചതോടെ ആനയും മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല.