പ്രതിപക്ഷ നേതാവിനെ ഈയാഴ്ച തിരഞ്ഞെടുക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നാളെ യോഗം ചേരും. ചെന്നിത്തല ഒഴിയുകയാണെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ വി.ഡി. സതീശനോ പ്രതിപക്ഷ നേതാവാകും.

പ്രതിപക്ഷനേതാവിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. നിരീക്ഷകരായ മല്ലികാർജുൻ ഖാർ​ഗെയും വൈദ്യലിം​ഗവും ചൊവ്വാഴ്ച കേരളത്തിലെത്തും. പതിനൊന്നരയ്ക്ക് കെ.പി.സി.സി ആസ്ഥാനത്ത് പാർലമെന്ററി പാർട്ടി യോ​ഗം ചേരും. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുകയോ അല്ലെങ്കിൽ പുതിയ പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ വരികയോ ചെയ്യും.

ഇതിൽ ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാണ്. പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് ചെന്നിത്തല കാഴ്ചവെച്ചത്. എന്നാൽ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പാർട്ടിക്കും അതിന്റേതായ പങ്കുണ്ടെന്നാണ് പൊതുവിലയിരുത്തൽ. തലമുറമാറ്റത്തിലേക്ക് പോകുന്ന തരത്തിലുള്ള അഴിച്ചുപണിയാണ് ഹൈക്കമാൻഡിന്റെ മനസിൽ.