വയനാട് പനമരത്തിനടുത്ത് മുഖംമൂടിധാരികൾ ആക്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. ആക്രമണത്തിൽ കഴിഞ്ഞദിവസം മരിച്ച കേശവൻ മാസ്റ്ററുടെ ഭാര്യ പത്മാവതിയാണ് വെള്ളിയാഴ്ച മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തില്‍ കൊലപാതകം നടന്നത്. മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും.

റോഡില്‍നിന്ന് അല്പം മാറി ആളൊഴിഞ്ഞ ഭാഗത്താണ് ഇവരുടെ വീട്. ഇരുനില വീടിന്റെ മുകള്‍ ഭാഗത്ത് കൂടെയാണ് അക്രമികള്‍ വീടിനുള്ളിലേക്ക് കയറിയതെന്നാണ് പ്രാഥമിക നിഗമനം. പത്മാവതിയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്‍, പനമരം, കേണിച്ചിറ, മാനന്തവാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തന്നെ ക്യാമ്പ് ചെയ്തിട്ടുണ്ട്.