വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രാഥമിക അന്വേഷണത്തിലും വിചാരണയിലും ഗുരുതര വീഴ്ച്ച പറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. 

പ്രതികളെ വെറുതെവിടുന്നതിന് കോടതി കണ്ടെത്തിയ കാരണങ്ങളിലേറെയും വിചാരണ സമയത്ത് പരിഹരിക്കാമായിരുന്നു. കേസ് ആദ്യം അന്വേഷിച്ച എസ് ഐ പി സി ചാക്കോ ബോധപൂര്‍വ്വം വീഴ്ച്ചവരുത്തിയെന്നും ജുഡീഷ്യല്‍ കമ്മീഷന്‍. മൂത്തപെണ്‍കുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടു എന്ന് മനസിലായിട്ടും എസ്.ഐ ചാക്കോ അന്വേഷണം നടത്തിയില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന അമ്മയുടെ മൊഴി കണക്കിലെടുത്തില്ല. കുട്ടിയുടെ വസ്ത്രങ്ങള്‍ തെളിവായി ശേഖരിച്ചില്ല. സാക്ഷിയായ രണ്ടാമത്തെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ല. എസ് ഐ പി സി ചാക്കോ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.