വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന പോലീസിന്റെ ഹര്‍ജിയില്‍ പാലക്കാട് പോക്‌സോ കോടതി ഇന്ന് ഉത്തരവിടും. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കിയത്.

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മരണത്തില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ പുനര്‍വിചാരണ നടത്തണമെന്നായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ പഴയ കുറ്റപത്രവുമായി വീണ്ടും വിചാരണ നടത്തിയാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ കുടുംബം തുടരന്വേഷണമാണ് ആവശ്യപ്പെട്ടത്. 

സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ അന്വേഷണം ഏറ്റെടുക്കുംവരെ പുതിയ അന്വേഷണസംഘം കാര്യങ്ങള്‍ അന്വേഷിക്കട്ടെ എന്ന നിലപാടാണ് പെണ്‍കുട്ടികളുടെ കുടുംബത്തിനുള്ളത്.