മൃതദേഹം സംസ്‌കരിച്ചത് അനുവാദമില്ലാതെയാണെന്നും ഹഥ്റാസില്‍ നടന്നത് തന്നെയാണ് വാളയാറില്‍ നടന്നതെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലാണ് പെണ്‍കുട്ടികളുടെ അമ്മ ഇക്കാര്യം പറഞ്ഞത്. താന്‍ താമസിക്കുന്ന ഭൂമിയില്‍ സംസ്‌കാരിക്കാനാവശ്യപ്പെട്ടപ്പോള്‍ എസ്.ഐ ചാക്കോ അടക്കമുള്ള പ്രതിക്ക് കൂട്ടുനിന്നവരെല്ലാം ചേര്‍ന്ന് അത് തടസം നില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇളയകുട്ടികള്‍ ഇത് കണ്ട് പേടിക്കുമെന്നാണ് അന്ന് അവരെല്ലാം തന്നെ പറഞ്ഞു ധരിപ്പിച്ചതെന്നും അവര്‍ പറയുന്നു. 


'മകളെ ദഹിപ്പിച്ച ശ്മശാനം പോലും അവര്‍ കാണിച്ചില്ല. എന്റെ മകളെ എവിടെയാണ് ദഹിപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഞങ്ങള്‍ അച്ഛനും അമ്മയുമാണ്. പോലീസുകാരോ പ്രതിക്ക് കൂട്ടു നില്‍ക്കുന്നവരോ അല്ല. ഇവരുടെ വീട്ടിലെ മക്കള്‍ക്കാണ് ഇത് സംഭവിച്ചതെങ്കിലോ? ഇന്നേക്ക് ഒരു വര്‍ഷമായി തെളിവില്ലെന്ന് പറഞ്ഞ് പ്രതികളെ വെറുതെ വിട്ടിട്ട്. ഇതിലൊരു ആറാമന്‍ കൂടിയുണ്ട്. അയാളെ രക്ഷിക്കാനാണ് ഈ അഞ്ചുപേരെയും രക്ഷിച്ചത്. പ്രതികളില്‍ രണ്ട് പേര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവന്മാര് ചത്തത്‌കൊണ്ട് പാര്‍ട്ടിക്കെന്ത് നഷ്ടം' - പെണ്‍കുട്ടികളെ അമ്മ പൊട്ടിത്തെറിച്ചു