ഫോര്‍ട്ടുകൊച്ചി മാന്ത്രയില്‍ പ്രധാന റോഡിലെ കാനപണി വിവാദമാകുന്നു. കാന പുതുക്കി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പഴയ കാനയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പേരിന് സിമന്റും മെറ്റലും വാരിയിട്ടാണ് കാനയുടെ അടിഭാഗം പണിയുന്നത്. വെള്ളത്തില്‍ കിടക്കുന്ന സിമന്റില്‍ പണിക്കാരന്‍ കൈപ്പാണി വെച്ച് തേയ്ക്കുന്നുമുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന തട്ടിക്കൂട്ട് പണി നാട്ടുകാര്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. ഇത് വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു. പിറ്റേന്നുതന്നെ കാനയുടെ പുറത്ത് സ്ലാബുകളും സ്ഥാപിച്ചു. 'കോര്‍പ്പറേഷന്റെ കാന' എന്ന രീതിയിലാണ് പ്രചാരണം. എന്നാല്‍ കാന പൊതുമരാമത്ത് വകുപ്പിന്റേതാണെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു.

പഴയ കാനകള്‍ പുതുക്കി നിര്‍മ്മിക്കുമ്പോള്‍ വലിയ തട്ടിപ്പാണ് നടക്കുക. നിലവിലുള്ള കാനയുടെ വശങ്ങളില്‍ ചെറുതായി സിമന്റ് തേച്ച് കാന മോടി പിടിപ്പിക്കുകയാണ് ചെയ്യുക. താഴെ ഭാഗത്ത് പേരിന് സിമന്റ് ഇടും. പുറത്ത് സ്ലാബ് ഇടുന്നതോടെ, നടന്ന പണിയുടെ ഗുണനിലവാരം പരിശോധിക്കാനും കഴിയില്ല.