പശ്ചിമ ഉത്തർപ്രദേശിൽ ജനങ്ങളിൽ ഭീതി പരത്തി വൈറൽ ഡെങ്കി പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയിൽ 32 കുട്ടികളടക്കം 68 പേർ മരിച്ചു. ഫിറോസാബാദ് ജില്ലയിൽ മാത്രം 24 മണിക്കൂറിനിടെ 12 കുട്ടികളാണ് മരിച്ചത്. രോ​ഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കിടക്കകളും മറ്റും ലഭിക്കാത്ത സ്ഥിതിയാണ്.

ആ​ഗ്ര, മെയിൻപുരി, കസ​ഗഞ്ച് തുടങ്ങിയ ജില്ലകളിലാണ് പനി പടരുന്നത്. കടുത്ത പനിയും നിർജലീകരണവും മൂലമാണ് പലരും ആശുപത്രികളിൽ എത്തുന്നത്. ഫിറോസാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ സ്ഥിതി അതീവ​ഗുരുതരമാണ്. 135 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ 72 പേർ കുട്ടികളാണ്. പലരുടേയും പ്ലേറ്റ്ലെറ്റ് കൗണ്ട് ഇടിയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. 

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഫിറോസാബാദിലെ ആശുപത്രി സന്ദർശിക്കുകയും സ്ഥിതി​ഗതികൾ വിലയിരുത്തുകയും ചെയ്തു. പനി പടരുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. കോവിഡ് മൂന്നാം തരം​ഗമാണെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതിൽ ജില്ലാ ഭരണകൂടവും സമ്മർദത്തിലാണ്.