മുംബൈയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഗര്‍ത്തത്തില്‍ വീണ് അപ്രത്യക്ഷമായി. മുംബൈയിലെ ഘട്കോപര്‍ പ്രദേശത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാര്‍ കുഴിയിലേക്ക് പതിക്കുന്നതും പിന്നീട് അപ്രത്യക്ഷമാവുന്നതാണ് വീഡിയോയില്‍ കാണുന്നത്. കാറിന്റെ ബോണറ്റും മുന്‍ ചക്രങ്ങളും ആദ്യം ഗര്‍ത്തതിലേക്ക് പതിക്കുകുകയും തുടര്‍ന്ന് പിന്‍ഭാഗം ഉള്‍പ്പടെ കുഴിയിലേക്ക് ആണ്ടുപോവുകയുമായിരുന്നു. 

പ്രദേശത്ത് ഒരു കിണറുണ്ടായിരുന്നതായും ഇത് കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടിയാണ് കാര്‍ പാര്‍ക്കിങ് ആരംഭിച്ചതെന്നും ട്രാഫിക് പോലീസ് പറഞ്ഞു. മഴയെത്തുടര്‍ന്ന് ഇത് ഇടിഞ്ഞാണ് സംഭവം ഉണ്ടായതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കേടുപാടൊന്നും സംഭവിച്ചിട്ടില്ല.