"ഇന്നലെയും ഇന്നുമായി ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസ്സില്‍ കയറി അവിടെുള്ള സാധനങ്ങള്‍ മുഴുവന്‍ തല്ലിത്തകര്‍ക്കുന്ന, എം.എല്‍.എമാര്‍ ഇരിക്കുന്ന ഡെസ്‌കിന്റെയും ബെഞ്ചിന്റെയും മീതേകൂടി പറന്നു നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ മന്ത്രി? ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃക കൊടുക്കാന്‍ പോകുന്നത്?." ഈ വിദ്യാഭ്യാസമന്ത്രിയെ കണ്ടാണോ കേരളത്തിലെ കുട്ടികള്‍ പഠിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരാഞ്ഞു.  

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമാണ് വി.ഡി. സതീശന്‍ ഉന്നയിച്ചത്. സഭ ബഹിഷ്‌കരിച്ചതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കേരള നിയമസഭയുടെ ചരിത്രത്തില്‍ നടന്ന, ഏറ്റവും ഹീനമായ അതിക്രമം നടത്തിയ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തക്കതായ തിരിച്ചടി നല്‍കി ആ അപ്പീല്‍ തള്ളി സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. ആ വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍,  മന്ത്രി ശിവന്‍കുട്ടി കയ്യുംകെട്ടി വിചാരണ കോടതിയില്‍ പ്രതിയായിനിന്ന് വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.