സൂരജ് കുറ്റം ചെയ്തിട്ടില്ലെന്ന് അന്വേഷണാരംഭത്തിൽ പരസ്യമായി പറഞ്ഞ കുടുംബാംഗങ്ങൾ പക്ഷേ, വിധി ദിനത്തിൽ മൗനത്തിലാണ്. ഏറ്റവും അടുത്ത അയൽവാസികളോട് പോലും സൗഹൃദമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയാണ്, അടൂർ പറക്കോട് ശ്രീസൂര്യയിലുള്ളവർ. പാമ്പിനെ ഉപയോ​ഗിച്ചുള്ള കൊലപാതകം കേരളത്തിലാദ്യത്തേതും ഇന്ത്യയിൽ രണ്ടാമത്തേതുമാണ്. 

ഉത്രയെ ഇല്ലാതാക്കാൻ സമാനതകളില്ലാത്ത ആസൂത്രണങ്ങൾ സൂരജ് നടത്തിയെന്ന വിവരങ്ങൾ പുറത്തുവരുമ്പോഴും മകൻ നിരപരാധിയാണെന്ന് ആവർത്തിക്കുകയായിരുന്നു അച്ഛൻ സുരേന്ദ്രനും അമ്മ രേണുകയും. കൊലപാതക ശേഷം സൂരജ് ലോക്കറിൽ നിന്നെടുത്ത ആഭരണങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയതോടെ കുടുംബാം​ഗങ്ങളും സംശയനിഴലിലായി. ശേഷം ഇവർ പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.

കേസിൽ വിധി പറയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ കുടുംബാം​ഗങ്ങളുടെ പ്രതികരണങ്ങൾ തേടിയെങ്കിലും അവർ മുറിക്കുള്ളിൽ ഒതുങ്ങുകയായിരുന്നു. കൊലപാതകത്തിന് അനുബന്ധമായി രജിസ്റ്റർ ചെയ്ത ​ഗാർഹിക പീഡനക്കേസിൽ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതികളാണ്.