കൃത്യം ഒരു വര്‍ഷം മുന്‍പാണ് മലയാളത്തിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ മാതൃഭൂമി സാഹിത്യ പുരസ്‌കാരം യു.എ ഖാദറിനെ തേടിയെത്തിയത്. പ്രായത്തിന്റെയും അസുഖങ്ങളുടെയും അവശത കൂസാതെ കോഴിക്കോട് നടന്ന ചടങ്ങിലെത്തി അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ തനിക്ക് നല്‍കിയ പുരസ്‌കാരമായിട്ടാണ് മാതൃഭൂമി സാഹിത്യപുരസ്‌കാരത്തെ താന്‍ കാണുന്നതെന്ന് വികാരനിര്‍ഭരമായ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മറ്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോഴൊന്നും ഈ പുരസ്‌കാരം നല്‍കിയ 'അമ്മസങ്കല്‍പം' തനിക്ക് തോന്നിയിട്ടില്ല. സാഹിത്യത്തിലേക്കുള്ള തന്റെ പടവുകള്‍ മാതൃഭൂമിയിലൂടെയിരുന്നെന്നും യു.എ ഖാദര്‍ ഓര്‍മ്മിച്ചു.