ആരെയും അതിശയിപ്പിക്കുന്ന തപാല്‍ സ്റ്റാമ്പുകളുടെയും ചരിത്ര രേഖകളുടെ പകര്പ്പുമായിരുന്നു ഉടമസ്ഥനില്ലാതെ പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ കിടന്ന ആ ബാഗില്‍ ഉണ്ടായിരുന്നത്. മയക്കു മരുന്നുകളോ കുഴല്‍പ്പണമോ ആയിരിക്കും എന്ന് കരുതിയായിരുന്നു റെയില്‍വേ സംരക്ഷണ സേന ബാഗ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പരിശോധിച്ചപ്പോഴാണ് വിലപിടിപ്പുള്ള പുരാരേഖകളുടെ പകര്‍പ്പുകളും വിവിധ രാജ്യങ്ങളുടെ സ്റ്റാമ്പുകളും കാണുന്നത്. 1917-ല്‍ മഹാത്മാ ഗാന്ധിക്ക് ബ്രിട്ടീഷ് ഭരണാധികാരികള്‍ നല്കിയ ഉത്തരവുകളുടെ പകര്‍പ്പ് അടക്കം ഈ ബാഗില്‍ ഉണ്ട്. എന്നാല്‍ ഉടമസ്ഥനെ തിരിച്ചറിയുന്ന ഒരു രേഖയും ബാഗില്‍ ഇല്ലാത്തത് റെയില്‍വേ സംരക്ഷണ സേനയെ കുഴയ്ക്കുകയാണ്. ബറൗണി-എറണാകുളം എക്സ്പ്രസിലെ റിസര്‍വേഷന്‍ കോച്ചില്‍ നിന്നാണ് ഈ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തപാല്‍ വകുപ്പിന്റെ പ്രദര്‍ശനങ്ങള്‍ക്കും മറ്റും പോകുന്ന ആരുടെയോ ആവും ബാഗ് എന്നാണു നിഗമനം. തെളിവുമായി വന്നാല്‍ ഇവ കൈമാറാന്‍ ഒരുക്കമാണെന്ന് റെയില്‍വേ സംരക്ഷണ സേന അറിയിച്ചു.