വയനാട്ടില്‍ ഭീതി വിതച്ച് കടുവയുടെ വിളയാട്ടം. കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചറിന് ഗുരുതര പരിക്ക്. രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. കടുവ പുഴകടന്ന് കര്‍ണാടക വനത്തിലേക്ക് പോയെന്നാണ് സൂചന

ഉച്ചയോടെയാണ് പാറക്കവലയിലെ ആളൊഴിഞ്ഞ വീട്ടില്‍ കടുവയെ കണ്ടെത്തിയത്. വനപാലകരെ കണ്ട് പുറത്തേക്ക് ചാടിയ കടുവ സമീപത്തെ കുറ്റിക്കാട്ടില്‍ മറഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ച ശേഷം ഇവിടെ വെച്ച് കടുവയെ മയക്കുവെടി വെച്ചു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് വാച്ചറെ കടുവ ആക്രമിച്ചത്. കൈമുട്ടിന് ഗുരുതരമായി പരിക്കേറ്റ വിജേഷിനെ വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇതിനിടെ രണ്ടാമതും മയക്കുവെടി വെച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. കടുവ പുഴകടന്ന് കര്‍ണാടക വനത്തിലേക്ക് പോയതായി വനപാലകര്‍ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. ഒരാഴ്ച മുന്‍പാണ് കൊളവള്ളിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്