കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റത് ഹര്‍ഷാരവത്തോടെയാണ് തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ഗ്രാമം സ്വീകരിച്ചത്. കമലയുടെ മുത്തച്ഛന്റെ നാടാണ് തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്രപുരം. കമലയുടെ അമ്മ ഡോ. ശ്യാമളയുടെ അച്ഛന്‍ പി.വി. ഗോപാലന്‍ ജനിച്ചുവളര്‍ന്നത് ഇവിടെയാണ്. ഇവിടെയുള്ള ധര്‍മ്മശാസ്താക്ഷേത്രത്തില്‍ മിക്കദിവസവും കമലയ്ക്കുവേണ്ടി പ്രത്യേക പൂജകള്‍ നടത്തിയിരുന്നു.

കമലയുടെ ചിത്രം അടങ്ങിയ പ്ലക്കാര്‍ഡുകളുമായി മധുരപലഹാര വിതരണം ചെയ്താണ് ഇവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കിയത്‌. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോള്‍ തന്നെ തുളസേന്ദ്രപുരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിറഞ്ഞിരുന്നു. ഒരോരുത്തരും സ്വന്തംപേരില്‍ മുക്കിലും മൂലയിലും കമലയ്ക്ക് വിജയം ആശംസിച്ച് ബാനറുകള്‍ സ്ഥാപിച്ചിരുന്നു.