തീവണ്ടിയുടെ കോച്ചിന്റെ സ്ഥാനം ചോദിച്ചതിന് രോ​ഗിയായ യുവാവിന് റെയിൽവേ ജീവനക്കാരുടെ ക്രൂരമർദ്ദനം. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുറാഞ്ചേരി സ്വദേശി ഷമീറിനാണ് അടിയേറ്റത്. സംഭവത്തിൽ കേസെടുത്ത റെയിൽവേ പോലീസ് പ്രതിയെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് വൃക്കരോ​ഗത്തിനുള്ള ചികിത്സയ്ക്ക് പോകാനാണ് ഷമീറെത്തിയത്.

പരിക്കേറ്റതോടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് പോകാനായില്ല. ടോർച്ചുകൊണ്ടാണ് അടിച്ചതെന്ന് ഷമീർ മാതൃഭൂമി ന്യൂസിനോടുപറഞ്ഞു. സംഭവത്തിൽ പരാതി നൽകിയെങ്കിലും അക്രമിയെ പിടികൂടാൻ റെയിൽവേ പോലീസ് തയ്യാറായിട്ടില്ല. നിരവധി സിസിടിവികളുള്ള റെയിൽവേ സ്റ്റേഷനിൽ ഷമീറിനെ മർദിച്ച ജീവനക്കാരനെ തിരിച്ചറിയാനായില്ലെന്ന ന്യായമാണ് റെയിൽവേ പോലീസ് പറയുന്നത്.