എല്ലാ കാര്യങ്ങളും യു.ഡിഎഫ് ജനങ്ങൾക്ക് വിശദീകരിച്ചുകൊടുത്തതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പക്ഷേ പറഞ്ഞകാര്യങ്ങൾ ഇഫക്ടീവ് ആയി വന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ഈ സന്ദർഭത്തിൽ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നില്ല. അതല്ല നമ്മളുടെ നടപടി. കുറവുകൾ എന്തൊക്കയായിരുന്നു എന്നുള്ളതിനേക്കുറിച്ച് പരിശോധിക്കുകയാണ് വേണ്ടത്. അത് വ്യക്തികളിൽ ഉത്തരവാദിത്വങ്ങൾ ചുമത്തുന്നതിന് വേണ്ടിയല്ല. നാളെ തെറ്റുകൾ വരാതെ മുന്നോട്ടുപോവുന്നതിന് വേണ്ടിയാണ്.' - അദ്ദേഹം പറഞ്ഞു.

വിശ്വാസം എന്നത് ദൈവവിശ്വാസം മാത്രമല്ല. ഓരോ മനുഷ്യനും അവന്റേതായ ഒരു വിശ്വാസമുണ്ട്. പിണറായി വിജയൻ സൂക്ഷിക്കേണ്ടത് അദ്ദേഹത്തിന് ചുറ്റുമുള്ള ഭൂത​ഗണങ്ങളേയാണ്. ബാക്കിയുള്ളതൊക്കെ നമുക്ക് വേറെ ആലോചിക്കാം. തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നതിൽ ആശങ്കയില്ല. ഒരു പ്രസ്ഥാനത്തെ അതിന്റെ വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിൽ അം​ഗീകരിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ചോരയും നീരുമുള്ള ഒരു വ്യക്തിപോലും ഈ പ്രസ്ഥാനത്തിൽ നിന്നും കൊഴിഞ്ഞു പോവില്ലെന്നും അദ്ദേഹം പറഞ്ഞു.