കോഴിക്കോട്:  കോവിഡ് കാലത്തിന് മുന്നെ ലോക്ഡൗണിലായിപ്പോയ ഒരുപാട് ജീവതങ്ങളുണ്ട് നമുക്ക് ചുറ്റും. നാട്ടുകാരുടെ കാരുണ്യത്താല്‍ കഴിഞ്ഞവര്‍, മരുന്നിനും ചികിത്സയ്ക്കും കൈനീട്ടാതെ തന്നെ സഹായം വീട്ടിലെത്തിച്ചവരുടെ കാരുണ്യം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയവര്‍. അവര്‍ കിട്ടിയ സഹായം വാങ്ങിച്ച് ആരോടും ഒന്നും പറയാതെ വേദന കടിച്ച് ജീവിച്ചവരായിരുന്നു. ഇത്തരക്കാര്‍ക്ക് നിസ്വാര്‍ഥ സേവനം ചെയ്തിരുന്നവരെ കൂടി ലോക്ക്ഡൗണ്‍ വീട്ടിലിരുത്തിയപ്പോള്‍ കുടുങ്ങിപ്പോയത് അവര്‍ മാത്രമല്ല. ഇവരുടെ കാരുണ്യത്താല്‍ ജീവിതം മുന്നോട്ട് പോയിരുന്ന ഇത്തരത്തിലുള്ള പാവങ്ങള്‍ കൂടിയാണ്. 

കോഴിക്കോട് പെരുന്തുരുത്തിയിലെ വീട്ടില്‍ മൂന്നു സ്ത്രീകളാണുള്ളത്. അമ്മയും രണ്ടുപെണ്‍ മക്കളും. മൂത്ത മകളാണ് സുലോചന. കാന്‍സര്‍ ബാധിത. അമ്മയേയും ചേച്ചിയേയും നോക്കണമെന്നുള്ളതുകൊണ്ട് അനുജത്തി പ്രഭയും വീട്ടില്‍ തന്നെ. മരുന്നിനും ചികിത്സയ്ക്കുമായി നാട്ടുകാരുടെ കാര്യുണ്യമായിരുന്നു ഇവരുടെ ഏക ആശ്രയം. പക്ഷെ സഹായം നല്‍കിയവര്‍ കൂടി വീട്ടിലായതോടെ എന്തുചെയ്യണമെന്നറിയാതെ മുഖത്തോട്  മുഖം  നോട്ടി വീട്ടിലിരിക്കുകയാണിവര്‍. ആരോടും സഹായം ചോദിക്കാന്‍ കഴിയാത്ത അവസ്ഥ. ആവശ്യപ്പെട്ടാല്‍ ഈ ദുരിതകാലത്തും അവര്‍ സഹായിക്കും. പക്ഷെ എങ്ങനെ ആവശ്യപ്പെടുമെന്ന് ചോദിക്കുന്നു സുലോചനയും കുടുംബവും. ഈ മാസം പതിനെട്ടാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ചെല്ലണമെന്നും അന്ന് ശസ്ത്രക്രിയയെകുറിച്ച് പറയാമെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്. മെഡിക്കല്‍ കോളേജിലാണെങ്കിലും കുറച്ചൊക്കെ പണം  വേണ്ടി വരുമല്ലോ എന്ന് ചോദിക്കുന്നു ഇവര്‍.   

വിളിപ്പാടകലെ മറ്റൊരു വീടുണ്ട്. അവിടെ സരോജിനിയും പ്രകാശനുമാണ് താമസം. കഴിഞ്ഞ അഞ്ചു വര്‍ഷമായി സരോജിനിക്ക് അര്‍ബുദമാണ്. പ്രകാശനാകട്ടെ കണ്ണിന് കാഴ്ച്ചയില്ല. മകളുടെ വിവാഹത്തിനായി എടുത്ത ബാങ്ക് ലോണ്‍ ജപ്തി ഭീഷണിയില്‍ എത്തി നില്‍ക്കുന്നു. ഒരു മകനുള്ളത് നഗരത്തില്‍ ചെറിയ ജോലിക്ക് പോയി കൊണ്ടിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ വന്നതോടെ അതും നിലച്ചു. ഒന്നാം ഘട്ടത്തിലോ, രണ്ടാം ഘട്ടത്തിലോ, മൂന്നാംഘട്ടത്തിലോ തന്റെ ദുരിതം  തീരുമെന്ന് അവന് പ്രതീക്ഷയില്ല. അതിനിടെയാണ് അമ്മയുടെ അര്‍ബുദ ചികിത്സ. ഇത് നമുക്ക് ചുറ്റുമുള്ള സുലോചനയുടെയോ സരോജിനിയുടെയോ മാത്രം  കഥയല്ല. കൊറോണ ഭീതി ഒഴിഞ്ഞാലും പഴയ ജീവിതതാളം കണ്ടെത്താന്‍ വേവാലാതിപ്പെടുമെന്ന് ഭയക്കുന്ന നിരവധി പേരുടെ അവസ്ഥയാണ്. ചികിത്സയും ജീവിതവും മുന്നോട്ടുപോകണിവര്‍ക്ക്. സഹായങ്ങള്‍ ഉണ്ടാവുകയും വേണം.