പത്തനംതിട്ട പന്തളത്ത് പട്ടാപ്പകൽ 72- കാരിയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവർന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് ഉച്ചയ്ക്ക് 12 മണിയോടെയാണ് ശാന്തകുമാരി എന്ന വൃദ്ധയെ രണ്ട് യുവാക്കൾ കെട്ടിയിട്ട് വീട്ടിൽ മോഷണം നടത്തിയത്. മോഷണ ശേഷം ആയിരം രൂപ തിരികെ നൽകി, വൃദ്ധയുടെ കാലിൽ തൊട്ട് വന്ദിച്ചാണ് ഇവർ കടന്നത്.

ക്ഷേത്രത്തിലേക്ക് വാഴയില ആവശ്യപ്പെട്ടാണ് യുവാക്കളെത്തിയത്. ഇലവെട്ടാനുള്ള കത്തിയെടുക്കാനായി ശാന്തകുമാരി വീടിനകത്തേക്ക് പോയതിന് പിന്നാലെ യുവാക്കളുമെത്തി. തോർത്തുപയോ​ഗിച്ച് ബലമായി കൈകൾ കൂട്ടിക്കെട്ടി. ഒരാൾ വായ പൊത്തിപ്പിടിച്ചപ്പോൾ രണ്ടാമൻ ആഭരണങ്ങൾ ഊരി വാങ്ങി. പിന്നീട് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. ഇവിടെ സൂക്ഷിച്ചിരുന്ന പെൻഷൻ തുകയടക്കം നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.