തിയേറ്ററുകൾ എത്രയും പെട്ടന്ന് തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഈ വിഷയം സർക്കാർ പോസിറ്റീവായി കൈകാര്യം ചെയ്യണമെന്നും സംവിധായകൻ വിനയൻ. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മറ്റേതൊരു മേഖലയേയും പോലെ, അല്ലെങ്കിൽ അതിൽക്കൂടുതൽ ദുരിതമനുഭവിക്കുന്ന മേഖലയാണ് തിയേറ്ററുകൾ. സർക്കാരിന് വലിയൊരു നികുതി കൊടുത്തിരുന്ന മേഖലയെന്ന നിലയ്ക്ക് അവരെ കയ്യയച്ച് സഹായിക്കുക തന്നെയാണ് വേണ്ടത്. മൂന്നാറിലെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളിലെ വിലക്കുകൾ മാറ്റിയപ്പോൾ നിറയെ ആളുകളാണ് വരുന്നത്. അങ്ങനെ നോക്കിയാൽ സിനിമാ തിയേറ്ററുകളിലും ആളുകൾ വരും.

ദൃശ്യം 2 പോലുള്ള സിനിമകൾ തിയേറ്ററിൽ റിലീസ് ആവേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ സിനിമാ വ്യവസായത്തിന് അത് ​ഗുണം ചെയ്തേനെ. സർക്കാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടന്ന് തിയേറ്ററുകൾ തുറക്കണം. അടച്ചിടുന്തോറും സിനിമാ മേഖലയുടെ ആശങ്കകൾ കൂടുകയേയുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു.