കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ എന്‍.ഐ.എ ഇന്ന് ചോദ്യം ചെയ്യും. ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളെന്ന നിലയില്‍ സമന്‍സ് ലഭിച്ചവരാണ് ചോദ്യം ചെയ്യലിന് ഹാജരാവുക. ചോദ്യം ചെയ്യലിനോട് സഹകരിക്കില്ലെന്ന് കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ പ്രതികരിച്ചു.
ഡിസംബർ 15-ന് രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസിലാണ് കർഷകനേതാക്കളോട് ഇന്നും നാളെയുമായി ഡൽഹി ഓഫീസിൽ ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ആഭ്യന്തര സംഘർഷമുണ്ടാക്കാൻ ഖലിസ്ഥാൻ സംഘടനകളായ സിഖ് ഫോർ ജസ്റ്റിസ്, ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് തുടങ്ങിയവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
കർഷക സമരത്തിന് നേതൃത്വം നൽകുന്ന ബല്‍ദേവ് സിങ് സിര്‍സയടക്കം ആറുപേർക്കാണ് നോട്ടീസ് ലഭിച്ചത്. കലാകാരന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേർക്കും സമൻസ് ലഭിച്ചു.