കേരളതീരം വിട്ട ടൗട്ടെ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ഗുജറാത്തിലെത്തും. തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തുന്നത്. 185 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

വലിയ നാശനഷ്ടമാണ് ​ഗുജറാത്ത് തീരത്ത് പ്രതീക്ഷിക്കുന്നത്. അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വലിയ മുൻകരുതലുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അമ്പതിലേറെ ദുരന്ത നിവാരണ സേനാം​ഗങ്ങളെ വിവിധ ഭാ​ഗങ്ങളിലായി നിയോ​ഗിച്ചിട്ടുണ്ട്. ഒരുലക്ഷത്തിലേറെ പേരെ മാറ്റി പാർപ്പിക്കണം എന്നാണ് എൻ.ഡി.ആർ.എഫ് അധികൃതർ അറിയിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ കോവിഡ് വാക്സിൻ വിതരണം നിർത്തിവെച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്ര ഉൾപ്പെടുന്ന സ്ഥലങ്ങളിൽ  ടൗട്ടെ വലിയ നാശനഷ്ടമാണ് വിതച്ചത്. സഹോദരിമാരായ രണ്ട് പെൺകുട്ടികൾ മരംവീണ് മരിച്ചു. ഇവരുടെ അമ്മ ​ഗുരുതരാവസ്ഥയിലാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.