ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കാസര്‍കോട്ടെ ടാറ്റ കോവിഡ് ആശുപത്രിയിലെ നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടി അശാസ്ത്രീയമാണെന്ന ആക്ഷേപം ഉയരുന്നു. ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന നിയമനം ഫലപ്രദമാകില്ലെന്നാണ് വിലയിരുത്തല്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള 191 പേരെ നിയമിക്കാന്‍ സെപ്റ്റംബര്‍ 30 ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. 

താത്കാലികമായോ ഡെപ്യൂട്ടേഷന്‍ സംവിധാനത്തിലൂടെയോ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ തീരുമാനം വന്ന് മൂന്നാഴ്ചയിലേറെയായിട്ടും നിയമന നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ നിയമനത്തിനായി തെരഞ്ഞെടുത്തിട്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് പല തസ്തികകളിലും സ്ഥിരനിയമനം ലഭിച്ചവര്‍ പോലും പല കാര്യങ്ങള്‍ പറഞ്ഞ് മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത്. കോവിഡ് കാലത്ത് തദ്ദേശീയരല്ലാതെ ആരും കാസര്‍കോട്ടേക്ക് വരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.