സഖ്യപ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ കമൽഹാസൻ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിക്കുന്നു. ആദ്യഘട്ടമെന്നോണം തെക്കൻ ജില്ലകളിലെ പ്രചാരണം ഞായറാഴ്ച ആരംഭിക്കും.

മധുര, തേനി, തിരുനെൽവേലി, ഡിണ്ടി​ഗൽ, വിരുതു ന​ഗർ, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലാണ് കമൽ ആദ്യഘട്ട പ്രചാരണം നടത്തുക. ഡിസംബർ 16-ന് ആദ്യഘട്ട പ്രചാരണം അവസാനിക്കും. ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെയും ഉദയനിധി സ്റ്റാലിന്റെയും കനിമൊഴി എം.പിയുടേയും റാലികളുമായി ഡി.എം.കെയും പ്രചാരണം ആരംഭിച്ചതിനുപിന്നാലെയാണ് കമലും തിരഞ്ഞെടുപ്പ് രം​ഗം സജീവമാക്കാനിറങ്ങുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 3.75 ശതമാനം വോട്ട് ലഭിച്ച മക്കൾ നീതി മയ്യത്തിന് ന​ഗരപ്രദേശങ്ങളിലാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. രജനികാന്തും കമൽഹാസനും സഖ്യത്തിലായി തിരഞ്ഞെടുപ്പിനെ നേരിടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. രജനികാന്തുമായി സഖ്യത്തിലാവാൻ തയ്യാറാണെന്ന് കമൽഹാസൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.