പാലക്കാട് കാവശ്ശേരിയിലെ ശ്രീദേവിക്ക് വീട് വെക്കാൻ വഴിയൊരുങ്ങുന്നു. അനുയോജ്യമായ സ്ഥലം കിട്ടിയാൽ വീട് വെക്കാൻ ആറ് ലക്ഷം രൂപവരെ നൽകാമെന്ന് സുരേഷ് ഗോപി എം.പി. ശ്രീദേവിയെ അറിയിച്ചു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ എം.പിയോട് ശ്രീദേവി വീടായിരുന്നു ആവശ്യപ്പെട്ടത്. 

ചെയ്ത് പോകുന്ന വഴിയേ കരുതലുണ്ടാവും എന്നേ ഇപ്പോൾ പറയാൻ പറ്റൂ എന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു. വലിയ സന്തോഷമുണ്ടെന്ന് ശ്രീദേവിയും പറഞ്ഞു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരുള്ള ഒരുകൂട്ടം ആളുകളാണ് ഈ ദൗത്യം പൂർത്തിയാക്കാൻ സുരേഷ് ​ഗോപിയെ സമീപിച്ചിട്ടുള്ളത്. ഇക്കാര്യം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് മുഖേനയാണ് സുരേഷ് ​ഗോപി ശ്രീദേവിയെ അറിയിച്ചത്. 

രണ്ട് പതിറ്റാണ്ട് മുമ്പ് താൻ ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷിച്ച ആ പെൺകുട്ടിയെ കാണാൻ രണ്ട്ദിവസം മുമ്പാണ് സുരേഷ് ​ഗോപി കാവശ്ശേരിയിലെത്തിയത്.