കീടം കാരണം പിന്‍വലിക്കാന്‍ നിര്‍ദേശിച്ച ബാച്ചിലെ ശബരി ചക്കി ഫ്രഷ് ആട്ട വില്‍ക്കാന്‍ സപ്ലൈക്കോയുടെ അനുമതി. 400 മെട്രിക്ക് ടണ്‍ ആട്ടയുടെ കരാര്‍ ലഭിച്ച സ്ഥാപനമാണ് കേടായ ആട്ട വിതരണം ചെയ്തത്. ഇവ സപ്ലൈക്കോ ഔട്ട് ലെറ്റുകളില്‍ സുലഭമാണെന്ന് മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ തെളിയുന്നു.

ശബരി ചക്കി ഫ്രഷ് ആട്ടയില്‍ പുഴുക്കളുടെ സാന്നിധ്യം ഉള്ളതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ഒന്നിന് സപ്ലൈകോയുടെ ഉള്ളൂരിലെ ഔട്ട്‌ലെറ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ CF-006  എന്ന ബാച്ച് ആട്ടയില്‍ പുഴുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇത് പ്രകാരം ഈ ബാച്ചിലെ മുഴുവന്‍ ആട്ടയും പിന്‍വലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനോടകം തന്നെ എല്ലാ  ഔട്ട്‌ലെറ്റുകളിലും ഈ ബാച്ച് ആട്ട എത്തിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ നാലിന് ശബരി ചക്കി ഫ്രഷ് ആട്ട വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സപ്ലൈകോയുടെ മറ്റൊരു ഉത്തരവും ഇറങ്ങി

എന്നാല്‍ 2006 ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ആക്ട് പ്രകാരം ഒരു ഉത്പന്നത്തിന്റെ പാക്കറ്റില്‍ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയാല്‍ ആ ബാച്ചിലെ  മുഴുവന്‍ ഉത്പന്നങ്ങളും പിന്‍വലിക്കണം. ഈ നിയമമാണ് ഉത്തരവിലൂടെ സപ്ലൈകോ ലംഘിച്ചിരിക്കുന്നത്