വേനല്‍ മഴയില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ദുരിതം. കൊയ്ത്ത് നടന്നുകൊണ്ടിരിക്കുന്ന പാടശേഖരങ്ങളിലാണ് മഴ ദുരിതം വിതച്ചത്. കൊയ്തിട്ട നെല്ലും കറ്റയും വെള്ളത്തിലായി. തലവടി പഞ്ചായത്തിലെ ആലമ്പ്രാല്‍, കണ്ടങ്കരി, കടമ്പങ്കരി തെക്കു പാടങ്ങളിലാണ് നെല്ലും കറ്റയും വെള്ളത്തിലായത്. 

കൊയ്ത്ത് യന്ത്രങ്ങള്‍ കിട്ടാതെ വന്നതോടെ കൈകൊണ്ട് കൊയ്ത് പാടത്തിട്ടിരുന്ന കറ്റ ഇന്ന് വള്ളത്തിലാണ് കരയ്‌ക്കെത്തിച്ചത്. ഭീമമായ നഷ്ടം വരുത്തുമെങ്കിലും അന്നമായതുകൊണ്ടാണ് മടിക്കാതെ കറ്റ മുഴുവന്‍ കരയ്‌ക്കെത്തിക്കുന്നതെന്ന് നാട്ടുകാരന്‍ പറയുന്നു.