തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂൾ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ. കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. 

ജാമ്യമില്ലാത്ത അഞ്ച് വകുപ്പുകൾ ചേർത്താണ് സുബ്രഹ്മണ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാൾ ആറ് വിദ്യാർഥികളെ അതിക്രൂരമായി മർദ്ദിച്ചത്. ഇതിൽ ഒരു വിദ്യാർഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവന്നത്. 

വടി ഉപയോഗിച്ച് തല്ലുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ഥിയെ മുട്ടുകാലില്‍നിര്‍ത്തിയും മര്‍ദിച്ചു. ക്ലാസ് മുറിയില്‍ മറ്റു കുട്ടികളുടെ മുന്നില്‍വെച്ചായിരുന്നു അധ്യാപകന്റെ ക്രൂരത. ഈ കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.