ജീവിതത്തിൽ എല്ലാം തകർന്നെന്നു കരുതി തോറ്റുപോയിടത്തു നിന്ന് ജയിച്ചു കയറിയ സ്ത്രീയാണ് തൃശൂർ സ്വദേശി താഹിറ. താഹിറയുടെ ജീവിതം പിന്നീട് സിനിമയാവുകയും അതിൽ താഹിറ തന്നെ നായികയാവുകയും ചെയ്തിരുന്നു. കടലിൽ മത്സ്യബന്ധനത്തിനു പോയി അപകടത്തിൽപ്പെട്ട് ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ട പിതാവിന്റെ ദുരിതം നേരിൽക്കണ്ട അന്നുമുതലാണ് ഏഴാംക്ലാസ്സുകാരി താഹിറ കുടുംബം പോറ്റാനായി പണിക്കിറങ്ങിയത്. പതിനൊന്നാം വയസ്സിൽ ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോയിത്തുടങ്ങിയ താഹിറ കൽപ്പണി, ഡ്രൈവിങ് പരിശീലനം, നാടൻ തൊഴിലുകൾ, പാൽവിതരണം തുടങ്ങി താഹിറ കൈവെക്കാത്ത മേഖലകളില്ല. ജീവിതത്തിലുടനീളം കടന്നുപോയ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് താഹിറ.