സ്‌കൂളിലെ പൊടിമൂടിക്കിടന്ന ബെഞ്ചും ഡസ്‌കുമെല്ലാം തുടച്ച് ക്ലാസ്മുറികള്‍ അടിച്ചുവാരി കഴുകിവൃത്തിയാക്കുന്നു. കാടുപടര്‍ന്ന സ്‌കൂള്‍മുറ്റം വെട്ടിയൊതുക്കി മനോഹരമാക്കുന്നു. കൊട്ടുവള്ളിക്കാട് ഗവ. എല്‍.പി. സ്‌കൂളില്‍ കണ്ടുമുട്ടുമ്പോള്‍ ശുചീകരണജോലികളുടെ തിരക്കിലായിരുന്നു ബേബി എന്ന 62-കാരന്‍. ഇതെല്ലാം ബേബിയെ ആരെങ്കിലും ഏല്‍പ്പിച്ച ജോലിയല്ല. സ്‌കൂളുകള്‍ തുറക്കുന്നതറിഞ്ഞ് സൗജന്യ സേവനത്തിനെത്തിയതാണ് അദ്ദേഹം. 20 വര്‍ഷമായി ഇങ്ങനെയാണ് ബേബിയുടെ ജീവിതം. സ്‌കൂള്‍, കോളേജ്, ബസ്സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന്‍, ബീച്ച്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുഇടങ്ങളിലെല്ലാം ആരുംപറയാതെതന്നെ ബേബി ശുചീകരണത്തിനെത്തും.

മൂത്തകുന്നം കൊട്ടുവള്ളിക്കാട് സ്വദേശിയായ ബേബി ഓട്ടോ ഓടിച്ചാണ് ഭാര്യയും രണ്ടു മക്കളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബം പോറ്റുന്നത്. വാടകക്കെടുത്ത ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോഴും ശുചീകരണം ബേബിക്കു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ''നമ്മുടെ വീടും അടുക്കളയും വൃത്തിയാകണം എന്നു മാത്രമേ എല്ലാവര്‍ക്കും ചിന്തയുള്ളൂ. നമ്മുടെ വീട്ടിലെ മാലിന്യം പുറത്തേക്കു വലിച്ചെറിയുക എന്നതാണ് മിക്കവരുടെയും മനോഭാവം. നമ്മുടെ നാടു ശുചിയാക്കാന്‍ എന്നെക്കൊണ്ടു പറ്റുന്നതുപോലെ ചെയ്യുക എന്നു മാത്രമേ ഞാന്‍ കരുതിയിട്ടുള്ളൂ''- ബേബി പറയുന്നു.