മലപ്പുറം കവളപ്പാറ മണ്ണിടിച്ചിലിന്റെ ഇരകളായി ശേഷിക്കുന്ന 53 കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കാനുള്ള നടപടികളുമായി സര്‍ക്കാര്‍. പുനരധിവാസത്തിനായുള്ള പദ്ധതികളെല്ലാം അഭിപ്രായ ഭിന്നതകള്‍ മൂലം പാളിയ സാഹചര്യത്തിലാണ് വൈകി ഉദിച്ച വിവേകം.
കവളപ്പാറ മണ്ണിടിച്ചിലില്‍ ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് കിടപ്പാടമൊരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അപകടം നടന്ന് പത്ത് മാസങ്ങള്‍ക്ക് ശേഷം കുടുംബങ്ങള്‍ക്ക് പണമായി നല്‍കാന്‍ തീരുമാനമായത്. നേരത്തെ സ്ഥലമെടുത്ത് മാതൃകാ ഗ്രാമം പണിയാനായിരുന്നു ശ്രമമെങ്കിലും മുന്‍ കളക്ടറും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊപ്പം വീട് നഷ്ടപ്പെട്ടവര്‍ വ്യത്യസ്ത ആവശ്യവുമായി രംഗത്തെത്തിയതും വിനയായി.
പദ്ധതി നീണ്ടതോടെ പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വീട് നിര്‍മ്മാണവും തുടങ്ങി. ഈ സാഹചര്യത്തിലാണ് 53 കുടുംബങ്ങളുടെയും പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് വാങ്ങുന്നതിന് നാല് ലക്ഷം രൂപയും ഒറ്റത്തവണയായി നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.