വിഴിഞ്ഞം: പാകിസ്താനില്‍ നിന്നെത്തിയ ബോട്ടില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ ശേഷം ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന മൂന്ന് മീന്‍പിടിത്ത ബോട്ടുകളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ശ്രീലങ്ക സ്വദേശികളുടെ ആകര്‍ഷാ ദുവാ, ചതുറാണി-03, ചതുറാണി-08 എന്നീ ബോട്ടുകളെയാണ് മിനിക്കോയ് ദ്വീപിന് സമീപം തെക്കുപടിഞ്ഞാറ് ഏഴ് മൈല്‍ ഉളളില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചത്. ഇവയില്‍ ആകര്‍ഷ ദുവായെന്ന ബോട്ടിലെ ക്യാപ്റ്റന്‍ അടക്കമുളള ആറംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു.
ഇവരെ കോസ്റ്റ് ഗാര്‍ഡ് അടക്കമുളള വിവിധ ഏജന്‍സികള്‍ ചോദ്യചെയ്തതില്‍ നിന്ന് പാകിസ്ഥാന് ബോട്ടില്‍ നിന്ന് വാങ്ങിയ 200 കിലോഗ്രാം ഹെറോയിനും 60 കിലോഗ്രാം ഹാഷിഷും ഉപയോഗിച്ചിരുന്ന ഉപഗ്രഹ ഫോണും കടലിലെറിഞ്ഞുവെന്ന് ആറംഗ സംഘം അന്വേഷണ സംഘത്തിന് മൊഴി നല്കി. മയക്കുമരുന്ന് 50-കിലോയുടെ പാക്കറ്റുകളാക്കിയാണ് കടലിലെറിഞ്ഞതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. നാര്‍ക്കോട്ടിക് വിഭാഗം, ഇന്റലിജന്‍സ്, കസ്റ്റംസ്, അടക്കമുളള അന്വേഷണ ഏജന്‍സികള്‍ പിടിയിലായവരെ ചോദ്യം ചെയ്യുകയാണ്.
ബോട്ടുകളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ വിഴിഞ്ഞം, കൊച്ചി എന്നീ യുണിറ്റുകളിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ബോട്ടുകള്‍ വിശദമായി പരിശോധിച്ചു. ബോട്ടുകളുടെ അടിഭാഗത്ത് പ്രത്യേക അറകളോ മറ്റ് സംവിധാനങ്ങളോ ഉണ്ടോയെന്ന് അറിയുന്നതിനാണ് മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിഴിഞ്ഞം വാര്‍ഫിലെത്തിച്ച പ്രതികളെ നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ മധുര, ചെന്നൈ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി വിശദമായി ചോദ്യം ചെയ്യുകയാണ്.
ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോട്ടുകളില്‍ പരിശോധന നടത്തി. ചതുറാണി-03, ചതുറാണി-08 എന്നീ പത്തേമാരികളില്‍ 3500 കിലോയോളം മീനുളളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മയക്കുമരുന്ന് കടത്തുന്ന ആകര്‍ഷ ദുവാ എന്ന ബോട്ടിന് അകമ്പടിയായാണ് മറ്റ് രണ്ടു ബോട്ടുകളും വന്നതെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ ബോട്ടുകളിലൊന്നായ ആകര്‍ഷ ദുവായിലെ ആറ് ജീവനക്കാരാണ് മയക്കുമരുന്ന് വാങ്ങി ശ്രീലങ്കയിലേക്ക് പോകാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇവര്‍ മിനിക്കോയ് ദ്വീപില്‍ നിന്ന് 417- നോട്ടിക്കല്‍ മൈല്‍ അകലെയെത്തിയ പാകിസ്ഥാന് ബോട്ട് ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയത്.
മാര്‍ച്ച് അഞ്ചിന് രാവിലെ 8.45-ഓടെയാണ് ബോട്ടുകള്‍ പിടികൂടിയത്. ലക്ഷദ്വീപില്‍ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ വരാഹ് എന്ന കപ്പലാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബോട്ടുകള്‍ പിടികൂടിയത്. ആകര്‍ഷ ദുവായൊഴികെയുളള ബോട്ടുകളിലെ ജീവനക്കാരില്‍ സംശയാസ്പദമായ രീതിയിലൊന്നും കണ്ടെത്തിയിട്ടില്ല. ഇവര്‍ കുറ്റക്കാരല്ലെങ്കില്‍ കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ശ്രീലങ്കന്‍ അതിര്‍ത്തിലെത്തിച്ച് അവിടത്തെ കോസ്റ്റ് ഗാര്‍ഡിന് കൈമാറുമെന്നും അധികൃതര്‍ പറഞ്ഞു.