സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പ്രത്യേക സംഘം.പത്തനം തിട്ട ജില്ലാ മേധാവി ആര്‍. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചു. ഒരു വനിത എസ്‌ഐ അവരെ സഹായിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗാര്‍ഹിക പീഢനത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റസലൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതിക്രമത്തിന് ഇരയാവുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദേശിക്കുന്ന നടപടിയാണിത്. ഈ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.