വാഹന ഇൻഷുറൻസിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാൻ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയായ ഐ.ആർ.ഡി.എ. കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കി. ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച പ്രവർത്തക സമിതിയുടെ റിപ്പോർട്ട് പൊതു അഭിപ്രായത്തിനായി ഐ.ആർ.ഡി.എ. പ്രസിദ്ധീകരിച്ചു.

ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇതു കണക്കാക്കിയാകും അധികപ്രീമിയം നിശ്ചയിക്കുക. മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് കൂടുതൽ പോയന്റ് നിശ്ചയിച്ചിട്ടുള്ളത്.

വാഹനത്തിനുണ്ടാകുന്ന നാശം, തേർഡ് പാർട്ടി ഇൻഷുറൻസ്, നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് തുടങ്ങിയവയുടെ പ്രീമിയം തുകയിൽ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗതനിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് പ്രീമിയം നിശ്ചയിക്കാനാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഡ്രൈവർ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും.