തിരൂര്‍: മലപ്പുറം തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറുകുട്ടികള്‍ മരിച്ചു. തറമ്മല്‍ റഫീഖ് സബ്ന ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മരണശേഷം രാവിലെ പത്തുമണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെ സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തില്‍ സംശയം തോന്നിയ അടുത്ത വീട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 'കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. ഇന്നുതന്നെ മൃതദേഹം പുറത്തെടുത്ത് മൃതദേഹ പരിശോധന നടത്തി മരണകാരണം കണ്ടെത്തും' - മലപ്പുറം എസ്പി യു.അബ്ദുള്‍ കരീം മാധ്യമങ്ങളോട് പറഞ്ഞു.